മഷിത്തണ്ട്


ഒരു ഓഷധിയാണ് മഷിത്തണ്ട് ചെടി. വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു വർഷം മാത്രം ജീവിതചക്രമുള്ള, പരന്ന പൊള്ളയായ വേരുപടലമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. 15 മുതൽ 45 വരെ സെന്റിമീറ്റർ വരെ ഉയരത്തിൽ ഇത് വളരും Piperaceae കുടുംബത്തിൽ പെട്ട സസ്യമാണ്. ശസ്ത്രനാമം : Peperomia pellucida, Peperomia reflexa
ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്. ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലാംശമുള്ളതുകൊണ്ട് സ്ലെയിറ്റ് മായ്ക്കാൻ ഇത് പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്നു. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും.

മുക്കുറ്റി


ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി(മുക്കുറ്റി(Biophytum reinwardtii)). ആയുർവേദത്തിൽദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്.
കടന്നൽ,പഴുതാരതുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.
മുക്കുറ്റിക്ക് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്.പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.

തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത പത്രങ്ങളാണ്മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.

കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കൾ വഹിക്കുന്ന പൂന്തണ്ടുകൾ പത്ത് സെ.മീ വരെ നീളത്തിൽ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കൾക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകൾ മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.

തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പൾവീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോൾ കോശങ്ങൾക്ക്ദൃഢത കൂടുകയും ഇലകൾ ബലത്തോടെ നിൽക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകൾ തളർത്തിയിടുകയും ചെയ്യുന്നു.

മുറിക്കൂടി


ശരീരത്തിലുണ്ടാവുന്ന മുറിവുകൾ പെട്ടെന്ന് ഭേദമാക്കാനുപയോഗിക്കുന്ന പച്ചമരുന്നു്. മുറിവ് കൂട്ടുന്നതു കൊണ്ട് ഈ ഔഷധസസ്യത്തെ മുറിയൂട്ടി അഥവാമുറികൂടി എന്നാണ് വിളിക്കുന്നത്. മുക്കുറ്റിഎന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്.

ഇല അരച്ചു തേയ്‌ക്കാം. മുറിവിനുമീതേ തുണിചുറ്റിയിട്ട്‌ അതിനുമീതേ തേക്കുന്നത് മണ്ണും പൊടിയും പോവാൻ നന്നാവും. ഇലയുടെ മേലുള്ള പൊടിതട്ടിക്കളഞ്ഞും ഉപയോഗിക്കാം. യഥാർഥനാമം ശിവമൂലി അയ്യമ്പാന എന്നാണ്. ഇതിന്റെ ഇല കയ്യിൽ വെച്ച് ചതച്ച് മുറിയിൽ വെക്കുകയാണ് വേണ്ടത്. ഇപ്രകാരം മുറിവുണക്കാൻ കമ്മ്യൂണിസ്റ്റ് പച്ച, മുളയുടെ മൊരി, കാട്ടുവടവലത്തിന്റെ ഇല, ഉങ്ങിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീരിൽ വേപ്പിലയും കരിനൊച്ചിയിലയും അരച്ചത് മുതലായവയും ഉപയോഗിക്കുന്നുണ്ട്. ഇതിൽ മുറിയൂട്ടി ഉപയോഗിക്കുമ്പോഴുള്ള ഫലം പെട്ടെന്ന് അനുഭവിച്ചറിയാം എന്നതാണ് പ്രത്യേകത.. മൂലക്കുരുവിനും പുണ്ണിനും ഇത് പ്രതിവിധയാണെന്നും അനുഭവസ്ഥർ പറയുന്നു.

മുത്തങ്ങ


പുല്ല് വർഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ മുത്തങ്ങ. ഇംഗ്ലീഷിൽ Nut grass,Coco grass. മുത്തങ്ങ കോര എന്നും അറിയപ്പെടുന്നു. ശാസ്ത്രീയനാമം ; Cyperus rotundus (linn) (പെരുംകോര) Cyperus tuberosus (Roth) (ചെറുകോര). ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളിൽ ചേർക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുൽപായ് എന്നറിയപ്പെടുന്നത്. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളർച്ചയാണ്‌. Cyperaceae സസ്യകുടുംബത്തിൽ Cyperus rotundus എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയിൽ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്കൃതത്തിലെ മുസ്ത എന്ന പേരിൽ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത് എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെൽ വിവരിച്ചിട്ടുണ്ട്.

പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച്സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും,കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.